ദില്ലി: ദില്ലി നഫ്ർജംഗിലെ ചാവല മേഖലയിൽ സെപ്റ്റംബർ ഏഴിന് തൊണ്ണൂറ് വയസ്സുകാരിയെ ക്രൂര ബലാത്സംഗം ചെയ്തു. സംഭവത്തിൽ മുപ്പത്തിമൂന്നുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൃദ്ധയെ തട്ടിക്കൊണ്ടു പോയി ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചായിരുന്നു ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിയായ സോനുവിനെ കസ്റ്റഡിയിലെടുത്ത വിവരം ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലേവാളാണ് പുറത്ത് വിട്ടത്.
തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പാൽക്കാരനെ കാത്തുനിന്ന വൃദ്ധയെ പാൽക്കാരൻ അന്ന് വരില്ലെന്നും പാൽ ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു പ്രതി ഒരു ഫാം ഏരിയയിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു. താൻ ഒരു മുത്തശ്ശിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും, അപേക്ഷിച്ചിട്ടും പ്രതി വൃദ്ധയെ ക്രൂരമായി ആക്രമിക്കുകയും ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. അതുവഴി കടന്നുപോയ പ്രദേശവാസികൾ നിലവിളി കേട്ട് എത്തുകയും അവർ പ്രതിയെ പിടിച്ച് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തതായി സ്വാതി മലേവാൾ പറഞ്ഞു. ഈ കേസിൽ ആറുമാസത്തിനുള്ളിൽ നീതി നടപ്പാക്കണമെന്നു അവർ കൂട്ടിച്ചേർത്തു.