
ടെൽ അവീവ്: വെടിനിർത്താൽ നിലവിൽ വന്നിട്ടും തീരാത്തെ ഗാസയിലെ ഇസ്രായേൽ ആക്രമണവും മരണവും. ഗാസയിൽ ഇന്നുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ മരിച്ചു. ഗാസ സിറ്റിയിലെ ഷുജേയ മേഖലയിലാണ് സംഭവം. സൈനികർക്ക് നേരെ വന്നവർക്കെതിരെയാണ് വെടി വെച്ചതെന്നാണ് ഇസ്രായേൽ സേനയുടെ വിശദീകരണം. അതിനിടെ, ഗാസയിൽ 250 മൃതദേഹങ്ങൾ കൂടി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് കണ്ടെത്തി. ഗാസയിൽ ഹമാസ് തങ്ങളെ എതിർത്തവരെ പരസ്യമായി കൂട്ടക്കൊല നടത്തിയെന്ന് ഇസ്രായേൽ ആരോപിച്ചു. ഹമാസിനെ പൂർണമായി തുടച്ചു നീക്കണമെന്നും ഒരിടത്തും നിലനിൽക്കാൻ അനുവദിക്കരുത് എന്നുമാണ് ഇസ്രായേൽ എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ സഹിതം ആരോപിക്കുന്നത്.
ഗാസയിലെ വെടിനിർത്തൽ കരാറിൽ ഇനിയെന്തെന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം. തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മാത്രം മൃതദേഹം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുളളവരുടെ മൃതശരീരം വീണ്ടെടുക്കാൻ ആയില്ലെന്നാണ് ഹമാസ് പറയുന്നത്. ഇത് ചതിയെന്ന് ബന്ദികളുടെ കുടുംബങ്ങൾ പറയുന്നു. തടവ് കാലത്ത് ക്രൂര പീഡനം ഏറ്റെന്ന് ഇരു പക്ഷത്തും മോചിതരായവർ ആരോപിക്കുന്നു. ഹമാസ് പൂർണ്ണമായും നിരായുധരായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങുകയും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം എന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഇത് അടക്കം ഒട്ടേറെ വിഷയങ്ങളിൽ ഭിന്നത തുടരുകയാണ്. ഗാസയുടെ ഭരണച്ചുമതല ഇനി ആർക്കായിരിക്കും എന്നതിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം നല്ല തുടക്കമായി ലോകരാജ്യങ്ങൾ വിലയിരുത്തുന്നു എങ്കിലും ഭാവി എന്തെന്നതിൽ വ്യക്തതയില്ല. അതേസമയം രണ്ടാം ഘട്ട ചർച്ചകൾ തുടങ്ങി കഴിഞ്ഞുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
