മനാമ: 2023-ന്റെ ആദ്യ പകുതിയിൽ 500,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ ബഹ്റൈൻ സന്ദർശിച്ചു. മുൻ വർഷം ഇതേ കാലയളവിലെ 270,000 നെ അപേക്ഷിച്ച് 87% വർധനയാണ് രേഖപ്പെടുത്തിയത് . ബഹ്റൈൻ-ഇന്ത്യ സൊസൈറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
2023 സെപ്തംബർ പകുതി വരെ, എംബസി മൊത്തം 3,904 വിസകൾ അനുവദിച്ചിട്ടുണ്ട്. അതിൽ 64% ടൂറിസ്റ്റ് വിസകളായിരുന്നു. വിനോദം, ബിസിനസ്സ്, വിദ്യാഭ്യാസം, സാംസ്കാരിക ആവശ്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ബഹ്റൈനികളെ ഇന്ത്യ സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നതായും അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.