
ചെന്നൈ∙ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയുടെ വീട്ടിൽനിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. മകനും എംപിയുമായ ഗൗതം സിങ്കമണിയുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തി. 13 ലക്ഷം രൂപയുടെ ബ്രിട്ടിഷ് പൗണ്ടും നിരവധി രേഖകളും പിടിച്ചെടുത്തു. 41.9 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചുവെന്നും ഇഡി അറിയിച്ചു.കെ. പൊന്മുടിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പൊന്മുടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലായിരുന്നു പരിശോധന.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്നു പണം ഉൾപ്പെടെ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

