ന്യൂ യോർക്ക്: സത്യം മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും ഒരു ദിവസം അത് മറനീക്കി പുറത്തുവരുമെന്ന് പറയപ്പെടുന്നു. അതിന്റെ തെളിവാണ് ന്യൂയോർക്ക് നഗരത്തിൽ നിന്നുള്ള 75 കാരനായ ബാർബറിന്റെ ജീവിതം. 1976 -ൽ ആണ് ഒരു ഒന്നാം ലോകമഹായുദ്ധ സേനാനിയെ ഇയാൾ കൊലപ്പെടുത്തിയത്. കുറ്റം ഏറ്റെടുക്കാതെ പതിറ്റാണ്ടുകളോളം രക്ഷപ്പെട്ടെങ്കിലും ഒടുവിൽ പിടിക്കപ്പെട്ടു. 2019 ൽ മരിച്ചയാളുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. 75 കാരനായ ബാർബർ മാർട്ടിൻ മോട്ടയ്ക്ക് കുറ്റവും ഏറ്റുപറയേണ്ടി വന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ സൈനികനായ ജോർജ്ജ് സെയ്റ്റ്സിനെയാണ് ഇയാൾ വധിച്ചത്.
മോട്ട ജോലി ചെയ്തിരുന്ന ക്വീൻസ് ബാർബർഷോപ്പ് സന്ദർശിച്ചിരുന്ന ആളായിരുന്നു സെയ്റ്റ്സ്. സെയ്റ്റ്സിന്റെ തിരോധാനം പതിറ്റാണ്ടുകളായി ഒരു നിഗൂഢതയായി തുടരുകയായിരുന്നു. 81 വയസുള്ളപ്പോഴാണ് ദുരൂഹസാഹചര്യത്തിൽ ഇദ്ദേഹത്തെ കാണാതായത്. പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒരു കോൺക്രീറ്റ് കെട്ടിടത്തിനടിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതശരീര ഭാഗങ്ങൾ കിട്ടിയത്. ആ കണ്ടെത്തലാണ് കേസിലെ വഴിത്തിരിവായത്. സെയ്റ്റ്സിൽ നിന്ന് മോട്ട 8000 ഡോളർ കൊള്ളയടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.