ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ഏഴു വയസ്സുകാരനെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ വീട്ടിലുള്ള ഗാരേജിലെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഹാരിസ് കൗണ്ടി പോലീസ് അറിയിച്ചു .
വ്യാഴാഴ്ച ഹാരിസ് കൗണ്ടി റോസ ഗേറ്റ് ഡ്രൈവിലുള്ള വീട്ടില്‍ നിന്നു പുലര്‍ച്ചെ നാലു മണി മുതല്‍ കുട്ടിയെ കാണാനില്ലെന്നു വളര്‍ത്തു മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയുടെ മൃതദേഹം ഗാരേജിലുള്ള, മുകളില്‍ നിന്നു തുറക്കാവുന്ന വാഷിങ് മെഷീനില്‍ കണ്ടെത്തുകയായിരുന്നു.
2019 ലാണ് ഫോസ്റ്റര്‍ കെയറില്‍ നിന്നും ട്രോയ് കോയ്ലര്‍ എന്ന കുട്ടിയെ ഇവര്‍ ദത്തെടുത്തത്. കുട്ടിയുടെ മരണം സംഭവിച്ചതു വാഷിങ് മെഷീനില്‍ വച്ചായിരുന്നുവോ അതോ കൊലപ്പെടുത്തിയ ശേഷം വാഷിങ് മെഷീനില്‍ കൊണ്ടിട്ടതാണോ എന്നു എന്ന് പറയുന്നതിന് പോലീസ് വിസമ്മതിച്ചു . ദുരൂഹ സാഹചര്യത്തിലാണു മരണം നടന്നിരിക്കുന്നതെന്ന് പൊലീസ് സ്ഥിരികരിച്ചു.
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ വളര്‍ത്തു പിതാവ് വീട്ടിലുണ്ടായിരുന്നുവെന്നും ഹോസ്പിറ്റലില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് പൊലീസ് എത്തിയ ശേഷം യൂണിഫോമിലാണു എത്തിയതെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളെ കാറില്‍ വെച്ചു ദീര്‍ഘനേരം ചോദ്യം ചെയ്തശേഷം വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു. ഈ കുടുംബത്തെകുറിച്ചു പൊലീസില്‍ പരാതികളൊന്നും ഇല്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.