
പാലക്കാട്: കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് കൂറ്റനാട് കോതച്ചിറയിലാണ് രണ്ടു മണിക്കൂറിലേറെ സമയം കിണറ്റിൽ വീണ് കിടന്ന വയോധികയുടെ പുനർജന്മം. കോതച്ചിറ സ്വദേശിനി 68 വയസുള്ള കരുമത്തിൽ വീട്ടിൽ ദാക്ഷായണിയാണ് വീട്ടുകിണറിൽ വീണത്. കാലത്ത് ഏഴ് മണിയോടെയാണ് ഇവരെ നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുന്നത്.
ദാക്ഷായണിയെ കിണറിന് പുറത്തെത്തിക്കാനായി നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോവാതിരിക്കാനായി പ്രദേശവാസി കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി. തുടർന്നു എട്ട് മണിയോടെ ഫയർഫോഴ്സ് എത്തി ശരീരം മുകളിലേക്ക് കയറ്റി ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ എങ്ങനെ കിണറിൽ വീണു എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.
