അബുദാബി: 6,500 വർഷം പഴക്കമുള്ള കെട്ടിടാവശിഷ്ടങ്ങളും ഉപകരണങ്ങളും അബുദാബിയിലെ ഗാക്ക ദ്വീപിൽ നിന്ന് കണ്ടെത്തി. നിയോലിത്തിക് കാലഘട്ടത്തിൽ കല്ലുകൊണ്ട് നിർമ്മിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും ശിലാ ഉപകരണങ്ങളും കണ്ടെത്തിയതായി അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് അറിയിച്ചു. അബുദാബി എമിറേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗാക്ക ദ്വീപിൽ ഏകദേശം 6500 വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ അധിവസിച്ചിരുന്നതായി ഇത് സൂചിപ്പിക്കുന്നു.
