കിഷിനൗ: ദിവസവും വിശ്വസിക്കാൻ പറ്റാത്ത നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മരിച്ചു പോയി അടക്കാൻ ശ്രമിക്കുമ്പോൾ തിരിച്ചുവന്നവരുടെ വാർത്തകൾ ഇതിന് മുൻപും പ്രചരിച്ചിട്ടുണ്ട്. എന്നാൽ മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട വൃദ്ധൻ നാലാം ദിവസം ജീവനോടെ വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കിഴക്കൻ യൂറോപ്പിലാണ് സംഭവം നടന്നത്.മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെയാണ് നാലാം ദിവസം പൊലീസ് ജീവനോടെ പുറത്തെടുത്തത്.
യൂറോപ്പിലെ മോൾഡോവയിലെ ഉസ്തിയ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാമത്തിലെ 74 കാരിയെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സ്ത്രീയുടെ മരണത്തിൽ പ്രദേശവാസിയായ 18കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.പരസ്പര വിരുദ്ധമായ മറുപടികൾ ലഭിച്ചതോടെ ബുധനാഴ്ച ഇയാളുടെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി. ഇതിനിടെ വീടിന്റെ പരിസരത്ത് നിന്ന് ഒരു കരച്ചിൽ കേട്ടു. പരിശോധനയിലാണ് മണ്ണിനടിയിൽ നിർമ്മിച്ച താത്കാലിക നിലവറയ്ക്കുള്ളിൽ പൂട്ടിയ നിലയിൽ 62കാരനെ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ കഴുത്തിന് പരിക്കുണ്ട്. ശനിയാഴ്ച മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് വൃദ്ധനെ കുത്തുകയും നിലവറയിലിട്ട ശേഷം വാതിൽ മണ്ണ് കൊണ്ട് മൂടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ആകാം യുവാവ് സ്ത്രീയെ കൊന്നതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.