
ബര്‍ഹാംപുര്‍: ഒഡീഷയിലെ ഗഞ്ചം ജില്ലയിലുള്ള ഋഷികുല്യ നദിയുടെ അഴിമുഖത്ത് പ്രജനനത്തിനായി ഇതുവരെ എത്തിയത് 6.82 ലക്ഷം ഒലിവ് റിഡ്ലി കടലാമകള്‍. മുട്ട വിരിയിക്കാനും കൂടൊരുക്കാനുമായി ഒലിവ് റിഡ്ലി കടലാമകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്താന്‍ തുടങ്ങിയത് ഫെബ്രുവരി 16-നാണ്. ഇതോടെ ഇവിടെ ഏറ്റവുമധികം ഒലിവ് റിഡ്ലി കടലാമകള്‍ കൂടൊരുക്കുന്ന വര്‍ഷങ്ങളിലൊന്നായി 2025 മാറി.
2022-ല്‍ 5.50 ലക്ഷം ഒലിവ് റിഡ്ലി കടലാമകളാണ് മുട്ടയിടാനായി ഋഷികുല്യ നദിയുടെ അഴിമുഖത്തെത്തിയത്. 2023-ല്‍ ഇത് 6.37 ലക്ഷമായി മാറി. ഈ റെക്കോഡാണ് 2025-ല്‍ തകര്‍ന്നത്. കൂടൊരുക്കാനും മുട്ടയിടുന്നതിനുമായി ഇനിയും ഒലിവ് റിഡ്ലി കടലാമകള്‍ തീരത്തെത്തുമെന്നും അതിനാല്‍ എണ്ണം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും ബര്‍ഹാംപുര്‍ ഡി.എഫ്.ഒ ആയ സണ്ണി കോക്കര്‍ പ്രതികരിച്ചു.
അനുകൂലമായ കാലാവസ്ഥയാണ് റെക്കോഡ് കണക്കിന് ഒലിവ് റിഡ്ലി കടലാമകള്‍ തീരത്തെത്തുന്നതിന് കാരണമായതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നതിന്റെ സൂചന കൂടിയാണിതെന്നുമാണ് വിലയിരുത്തല്‍. വേട്ടക്കാരില്‍ നിന്ന് ഒലിവ് റിഡ്ലി കടലാമകളുടെ മുട്ട സംരക്ഷിക്കാന്‍ വേലിയൊരുക്കി സംരക്ഷണം നല്‍കാനും അധികൃതര്‍ ശ്രദ്ധിക്കാറുണ്ട്.
