കൊച്ചി: പ്രാദേശിക സാംസ്കാരിക ഘടകങ്ങളെ കൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്നും എങ്കിൽ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വൈവിധ്യത്തെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ ഉത്സവമായി വളരാൻ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും ആശംസിച്ച് കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
“ബിനാലെ പോലുള്ള മേളകൾക്ക് നിർവഹിക്കാൻ ഒരു ചരിത്ര ദൗത്യമുണ്ട്. നമ്മുടെ നാടിൻ്റെ സംസ്കാരമെന്നത് ഒട്ടനവധി ഉപസംസ്കാരങ്ങളും പ്രാദേശിക സംസ്കാരങ്ങളും ചേർന്നതാണ്. അത്തരം സംസ്കാരങ്ങളൊന്നും തന്നെ പൊതുമണ്ഡലത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒന്നല്ല. സമൂഹത്തിൽ സർവ്വ സാധാരണമായുള്ളതെന്താണോ അതാണ് ആ നാടിന്റെ സംസ്കാരം. അത്തരം പ്രാദേശിക സാംസ്കാരിക ഘടകങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
സാംസ്കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ട് സാമൂഹിക പുരോഗതിക്ക് ഉത്തേജനം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര അഭിമാനമായി വളർന്ന ബിനാലെയുടെ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്താണ് ഈ വർഷത്തെ ബിനാലെയ്ക്ക് ഏഴ് കോടി രൂപ ധനസഹായമായി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്”. ഇന്ത്യയിലെ ഒരു സാംസ്കാരിക പരിപാടിക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ഫണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.