
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം കടന്നിരിക്കുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ തുടരുന്ന അസ്ഥിരത അടക്കമുള്ള വിഷയങ്ങളാണ് ഏതാനും മാസങ്ങള്‍ കൊണ്ട് കുതിച്ചുയര്‍ന്ന് സ്വര്‍ണവില ഒരു ലക്ഷം കടക്കാന്‍ കാരണം. മറ്റു മേഖലകളില്‍ ചാഞ്ചാട്ടം ദൃശ്യമായതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണവിലയുടെ നാള്‍വഴി പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനകമാണ് സ്വര്‍ണവില പവന് 50,000 രൂപ വര്‍ധിച്ചത് എന്ന് കാണാം. 2005ല്‍ പവന് 5000 രൂപയുണ്ടായിരുന്ന സ്വര്ണവിലയാണ് 20 വര്‍ഷം കൊണ്ട് ഇത്രയുമധികം വര്‍ധിച്ചത്.
2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50000 കടന്നത്. അന്ന് പവന് 50,400 രൂപയാണ് രേഖപ്പെടുത്തിയത്. പിന്നീടുള്ള മാസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ച് മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. തൊട്ടടുത്ത മാസമായ ഏപ്രിലില്‍ തന്നെ 51000 കടന്നു. അതേമാസം തന്നെ 52,000, 53,000, 54,000 എന്ന നിലവാരം മറികടന്ന് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 2024 മെയ് മാസത്തിലാണ് സ്വര്‍ണവില ആദ്യമായി 55,000 കടന്നത്.
തുടര്‍ന്ന് 60,0000 ആകാന്‍ ഏഴ് മാസം എടുത്തു. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.
ഈ വര്‍ഷം ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. സെപ്റ്റംബറില്‍ 80,000 തൊട്ടു. സെപ്റ്റംബര്‍ 9നാണ് പുതിയ ഉയരം കുറിച്ചത്. 80,000 കടന്നപ്പോള്‍ മുതല്‍ തന്നെ വൈകാതെ തന്നെ സ്വര്‍ണവില ഒരു ലക്ഷം തൊടുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവെയ്ക്കുന്നതാണ് ഡിസംബര്‍ 23ലെ സര്‍വകാല റെക്കോര്‍ഡ്.
ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. രണ്ടുമാസത്തിനകമാണ് സ്വര്‍ണവില ഒരു ലക്ഷം കടന്ന് പുതിയ ഉയരം കുറിച്ചത്. വരുംദിവസങ്ങളിലും സ്വര്‍ണവില ഉരാനാണ് സാധ്യത. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില ഉയരുന്നത് നിക്ഷേപകര്‍ക്ക് വലിയ സന്തോഷം പകരുന്ന വാര്‍ത്തയാണ്. എന്നാല്‍ വിവാഹത്തിനും മറ്റുമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലയിലുള്ള ഈ കുതിച്ചുച്ചാട്ടം വലിയ തിരിച്ചടിയാകുകയാണ്.

