തിരുവനന്തപുരം: കേരളത്തിന് 3000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. വായ്പാ പരിധിയിൽ നിന്ന് 3000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി നൽകിയത്. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂർ ആവശ്യപ്പെട്ടത്. എന്നാൽ, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്.നേരത്തേ സംസ്ഥാനത്തിന് 5000 കോടിരൂപ നൽകാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു. അയ്യായിരം പോര പതിനായിരം കിട്ടിയേ പറ്റൂ എന്നായിരുന്നു കേരളത്തിന്റെ നിലപാട്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിന് അധിക വായ്പ എടുക്കുന്നത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കിയപ്പോഴാണ് 5000 കോടി നൽകാമെന്നും അത് അടുത്ത വർഷത്തെ പരിധിയിൽ കുറവുചെയ്യുമെന്നും കേന്ദ്രം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴികണ്ടെത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചിരുന്നു.ഇത് തള്ളിയ കേരളം പതിനായിരം കോടി ഉടൻ കിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന്റെ അവകാശം ഹനിക്കുന്നതാണെന്നും കേരളം ചൂണ്ടിക്കാട്ടി. കേന്ദ്രം വാഗ്ദാനം ചെയ്ത പണം വാങ്ങിക്കൂടേ എന്ന് കോടതി കേരളത്തോട് ചോദിച്ചു. ഇതോടെ വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രവും ഇതേ നിലപാടെടുത്തു.അവകാശപ്പെട്ട കേന്ദ്രഫണ്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കടുത്ത ധനപ്രതിസന്ധി നേരിടുന്ന കേരളത്തിന് സാമ്പത്തിക വർഷാവസാനം പിടിച്ചുനിൽക്കാൻ കേന്ദ്ര സർക്കാർ ഒറ്റത്തവണ രക്ഷാപാക്കേജ് അനുവദിക്കണമെന്നും അന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.