
ദുബൈ: ട്രാഫിക് പിഴകളിൽ 50% ഇളവ് നൽകുമെന്ന പരസ്യങ്ങളിൽ സത്യാവസ്ഥ വെളിപ്പെടുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഈ പരസ്യങ്ങൾ അതോറിറ്റി പുറത്തിറക്കിയതല്ല. വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ദുബൈയിൽ താമസിക്കുന്നവർക്ക് ഇ-മെയിലുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും ഒരു പരസ്യം ലഭിച്ചിരുന്നു. “ഇന്ന് ഓൺലൈൻ വഴി നിങ്ങളുടെ പിഴത്തുക അടച്ചാൽ ആർ ടി എ 50% വരെ ഇളവ് നൽകും ” എന്നാണ് ലഭിക്കുന്ന സന്ദേശം. ഈ പരസ്യം ദുബൈ സ്വദേശിയായ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുകയും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആർ ടി എയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇത് പരിശോധിച്ച ആർ ടി എ, ഈ പരസ്യവുമായി അതോറിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് വ്യാജമാണെന്നും വ്യക്തമാക്കി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താൻ വേണ്ടിയാണു ഇതിന്റെ പിന്നിൽ ഉള്ളവരുടെ ലക്ഷ്യം. തെറ്റായ വാഗ്ധാനങ്ങളിൽ വീഴരുത് എന്നും വിവരങ്ങൾക്കായി അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പുകൾ എന്നിവ പരിശോധിക്കണമെന്ന് ആർ ടി എ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.


