മനാമ: ബഹ്റൈനിൽ പുതുതായി 447 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 250 പേർ പ്രവാസികളാണ്. 193 പേർ സമ്പർക്കം മൂലവും 4 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. 8,200 പേരിൽ പരിശോധന നടത്തിയതിൽ നിന്നാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ മരണം 97 ആയി.
641 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 23,959 ആയി വർദ്ധിച്ചു. ബഹറിനിൽ മൊത്തം റിപ്പോർട്ട് ചെയ്ത 28,857 കോവിഡ് കേസുകളിൽ 23,959 പേർ രോഗമുക്തി നേടിയതോടെ സ്ഥിരീകരിച്ച കേസുകളിൽ 83 ശതമാനവും വൈറസിൽ നിന്ന് കരകയറിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,801 ആണ്. ഇവരിൽ 4756 പേരുടെ നില തൃപതികരവും 45 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,92,350 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.