ധാക്ക: ബംഗ്ലാദേശിൽ യാത്രാ ബോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ 40 ഓളം പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് 275 കിലോമീറ്റർ തെക്ക് ജാലകത്തി ജില്ലയിലെ സുഗന്ധ നദിയിൽ പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. എം.വി അഭിജാൻ എന്ന മൂന്ന് നിലകളുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് ധാക്കയിൽ നിന്ന് ബർഗുന ജില്ലയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്.
തീ പടർന്നപ്പോൾ രക്ഷപ്പെടാൻ നിരവധി ആളുകൾ നദിയിലേക്ക് ചാടി. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീ പടര്‍ന്നപ്പോള്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തീപ്പൊള്ളലേറ്റും പുക ശ്വസിച്ചും വെള്ളത്തില്‍ മുങ്ങിയും മരണം ഉണ്ടായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോട്ടില്‍ എണ്ണൂറോളം പേര് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
