ബെടൗണ്‍ (ഹൂസ്റ്റണ്‍) : നാല് പിറ്റ്ബുള്‍ നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് നാല് വയസുകാരന് ദാരുണാന്ത്യം . കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച വീട്ടിലെ മറ്റൊരംഗത്തിനും നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ ഹൂസ്റ്റണിലെ ബെടൗണിലെ ഒരു വീട്ടിലായിരുന്നു ഈ ദാരുണസംഭവം നടന്നത്
രാവിലെ 7.40 നാണ് ഇത് സംബന്ധിച്ചു പോലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് കണ്ടത് നായ്ക്കളുടെ ആക്രമണത്തില്‍ മുഖത്തിന്റെ ഒരു ഭാഗം മുഴുവന്‍ നഷ്ടപ്പെടുകയും ശരീരം മുഴുവന്‍ കടിച്ചു കീറി മുറിച്ച കുട്ടിയുടെ ശരീരമായിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല .
വീട്ടിലുണ്ടായിരുന്ന നായ്ക്കള്‍ പിറ്റ്ബുള്‍ വിഭാഗത്തില്‍ പെട്ടവയായിരുന്നെന്നും ഇവ ശാന്തരായിരുന്നു എന്നുമാണ് അടുത്തുള്ള താമസക്കാര്‍ പറയുന്നത്. ഈ നായ്ക്കള്‍ പുതുതായി വീട്ടില്‍ എത്തിയത് അല്ലായിരുന്നു എന്നും ഇവര്‍ പറഞ്ഞു .
കുട്ടികളെ ആക്രമിക്കാന്‍ കാരണം എന്താണെന്ന് അറിയില്ലെന്നും, കുട്ടി നായ്ക്കളെ പ്രകോപിപ്പിച്ചതായിരിക്കാം ആക്രമണത്തിന് കാരണമായതെന്നും അയല്‍വാസി റോഡ്ഡ്രിക്സ് പറഞ്ഞു .
നാല് നായ്ക്കളെയും ആനിമല്‍ കണ്ട്രോള് വിഭാഗം ഷെല്‍ട്ടറില്‍ അടച്ചു. കുട്ടിയുടെ അന്ത്യം ഹൃദയഭേദകമായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ബെടൗണ്‍ പോലീസ് ചീഫ് ജോണ്‍ സ്ട്രിംഗര്‍ പറഞ്ഞു . സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.