ന്യൂഡൽഹി: ലോകസഭയിലെ 44 ശതമാനം എം.പിമാർക്കെതിരെയും രാജ്യസഭയിലെ 31 ശതമാനം അംഗങ്ങൾക്കുമെതിരെയും ക്രിമിനൽ കേസുണ്ടെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കണമെന്ന ഹർജികളിലാണ് മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ റിപ്പോർട്ട് സമർപ്പിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് സംഘടന പുറത്തുവിട്ട കണക്കുകളുടെ ചുവടുപിടിച്ചാണ് റിപ്പോർട്ട്. 2022 ജൂലായ് വരെയുളള കണക്കാണിത്.
രാജ്യത്ത് ജനപ്രതിനിധികൾ പ്രതികളായ 5097 കേസുകളുണ്ട്. അതിൽ നാൽപത് ശതമാനവും അഞ്ച് വർഷത്തിലേറെയായി കോടതികളിൽ കെട്ടികിടക്കുന്നു. ലോക്സഭയിലെ 236 പേർക്കെതിരെ ക്രിമിനൽ കേസുണ്ട്. രാജ്യസഭയിൽ 71 പേരും, സംസ്ഥാന നിയമസഭകളിലെ 3991 അംഗങ്ങളും ക്രിമിനൽ കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.