മിയാമി: ഫ്ലോറിഡ തീരത്ത് മനുഷ്യക്കടത്തെന്ന് സംശയിക്കപ്പെടുന്ന ഒരു ബോട്ട് മറിഞ്ഞ് കാണാതായ 39 പേർക്കായി യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചു. ഫോർട്ട് പിയേഴ്സ് ഇൻലെറ്റിൽ നിന്ന് ഏകദേശം 45 മൈൽ കിഴക്ക് മറിഞ്ഞ ബോട്ടില്‍ പിടിച്ചിരുന്ന ഒരാളെ രക്ഷിച്ചയാളിൽ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് മിയാമിയിലെ കോസ്റ്റ് ഗാർഡ് പറഞ്ഞു.
ശനിയാഴ്ച രാത്രി ബഹാമാസിലെ ബിമിനിയിൽ നിന്ന് ബോട്ട് പുറപ്പെട്ടിരുന്നുവെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് മറിയുകയായിരുന്നുവെന്നും ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും രക്ഷപ്പെട്ടയാൾ പറഞ്ഞു. ഹെയ്തി പോലുള്ള മറ്റ് കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ അമേരിക്കയിലേക്ക് എത്തിക്കുന്നതിന് മനുഷ്യ കള്ളക്കടത്തുകാര്‍ ഫ്ലോറിഡ തീരത്തിനടുത്തുള്ള ബഹാമാസ് ദ്വീപുകളാണ് ഉപയോഗിക്കുന്നത്.
ബഹാമാസിന്റെ ഏറ്റവും പടിഞ്ഞാറൻ ജില്ലയായ ബിമിനി, ഫോർട്ട് പിയേഴ്സ് ഇൻലെറ്റിൽ നിന്ന് ഏകദേശം 130 മൈൽ (217 കിലോമീറ്റർ) അകലെയാണ്. യു.എസ് കോസ്റ്റ് ഗാർഡും റോയൽ ബഹാമാസ് ഡിഫൻസ് ഫോഴ്സും പറയുന്നതനുസരിച്ച്, ബിമിനിയിൽ നിന്ന് അഞ്ച് മൈൽ പടിഞ്ഞാറ് മറ്റൊരു മനുഷ്യക്കടത്ത് ശ്രമത്തിനിടെ ബോട്ട് മറിഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച 32 പേരെ രക്ഷപ്പെടുത്തിയിരുന്നു.