മനാമ: ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന 33-ാമത് അറബ് ഉച്ചകോടി മെയ് 16ന്. ഉച്ചകോടിയിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷനാകും. രാജാവിൻറെ നിർദ്ദേശനുസരണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടും തുടർനടപടികളോടും കൂടിയാണ് തയ്യാറെടുപ്പുകൾ നടക്കുന്നത്. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനും മേഖല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനുമുള്ള ചർച്ചകൾ ഉച്ചകോടിയിൽ ഉയരും.
അറബ് ഐക്യം പ്രതിഫലിപ്പിക്കുന്നതും ചരിത്രപരമായ ഈ ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത് കൊണ്ട് തന്നെ ആഘോഷിക്കുന്ന അറബ് രാജ്യങ്ങളുടെ പതാകകളും അവരുടെ നേതാക്കളുടെ ചിത്രങ്ങൾകൊണ്ടും ഇപ്പോൾ രാജ്യത്തിൻ്റെ തെരുവുകളും ഹൈവേകളും ലാൻഡ്മാർക്കുകളും അലങ്കരിച്ചിരിക്കുന്നു. അറബ് ഉച്ചകോടിയോടനുബന്ധിച്ച് ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി മേയ് 15,16 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നിയമനിർമാണ സഭകൾ പ്രത്യേക യോഗം വിളിച്ചു. പാർലമെന്റ്, ശൂറ കൗൺസിൽ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സംയുക്ത യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്. ബഹ്റൈന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടാണ് അറബ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ സാധിക്കുന്നതിലൂടെ നേടിയെടുക്കുന്നതെന്ന് ശൂറ കൗൺസിൽ അധ്യക്ഷൻ വ്യക്തമാക്കി.