
അബുദാബി: 30 വര്‍ഷം ഒരു ചെറിയ കാലയളവ് അല്ല, പക്ഷേ പ്രവാസി മലയാളിയായ ഗീതമ്മാൾ ശിവകുമാറിനിത് പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും കാലയളവായിരുന്നു. അബുദാബി ബിഗ് ടിക്കറ്റില്‍ 30 വര്‍ഷമായി പങ്കെടുത്ത് വരികയായിരുന്നു ഗീതമ്മാൾ ശിവകുമാറിന്റെ ഭര്‍ത്താവ്. സ്ഥിരമായി ഭാഗ്യ പരീക്ഷണം നടത്താറുള്ള ഇദ്ദേഹത്തിന് ഇത്തവണ സമ്മാനം നേടിക്കൊടുത്തത് ഭാര്യയുടെ പേരില്‍ വാങ്ങിയ ടിക്കറ്റാണ്.
അബുദാബി ബിഗ് ടിക്കറ്റിന്റെ 276-ാമത് സീരീസ് നറുക്കെടുപ്പാണ് ഗീതമ്മാള്‍ ശിവകുമാറിന് വിജയം സമ്മാനിച്ചത്. എന്നാല്‍ ഇത് ക്യാഷ് പ്രൈസോ സ്വര്‍ണമോ അല്ല മറിച്ച്, ഒരു ആഢംബര കാറാണ്-പുതു പുത്തന്‍ നിസാന്‍ പട്രോള്‍ കാര്‍. 034308 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ജൂൺ 26ന് ഓൺലൈനായാണ് ഈ ടിക്കറ്റ് വാങ്ങിയത്. ഗീതമ്മാളും മകനും മൂന്നു കൊല്ലം മുൻപാണ് ദുബൈയിലേക്ക് പോയത്. അവരുടെ ഭർത്താവ് 30 വർഷമായി യുഎഇയിൽ തന്നെയായിരുന്നു. ഇദ്ദേഹമാണ് ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയത്.
വീട്ടില്‍ എല്ലാവരുടെയും പേരില്‍ പിതാവ് ടിക്കറ്റ് വാങ്ങാറുണ്ടെന്നും ഇത്തവണ ഭാഗ്യം കൈവന്നത് സന്തോഷം നല്‍കുന്നതായും ഗീതമ്മാളിന്റെ മകന് പറഞ്ഞു. കാര്‍ വില്‍ക്കാനും അതുവഴി കിട്ടുന്ന പണത്തില്‍ തുടര്‍ന്നും ബിഗ് ടിക്കറ്റ് വാങ്ങാനുമാണ് കുടുംബത്തിന്റെ തീരുമാനം. നിരാശരാകരുത്, വീണ്ടും പരിശ്രമിക്കണം, ഒരു ദിവസം ഭാഗ്യം തേടിയെത്തുമെന്നുമാണ് ഇവര്‍ക്ക് പറയാനുള്ളത്.
