മസ്കത്ത്: ഒമാനില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ കൂടുതല്‍ ശക്തമായി. രാജ്യത്തിൻ്റെ പല താഴ്ന്ന പ്രദേശങ്ങളും വെട്ടത്തിനടിയിലായി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് മൂന്നു പേര് മരിച്ചു. ശക്തമായ ജലമൊഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിത സ്ഥാപനങ്ങളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മസ്ക്കറ്റിലും തെക്കന്‍ അല്‍ ശര്‍ഖിയ്യയിലുമാണ് മഴ രൂക്ഷമായി തുടരുന്നത്. ഒരു മണിക്കൂറോളം ഇടമുറിയാതെ പെയ്ത ശക്തമായ മഴയില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി കാല കര്‍ഫ്യൂ നിലവിലുണ്ടായിരുന്നതിനാല്‍ പുറത്ത് ആളുകളും വാഹനങ്ങളും കുറവായിരുന്നത് അപകട നിരക്ക് കുറച്ചതായി അധികൃതര്‍ അഭിപ്രായപ്പെട്ടു.
