
തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്.
ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്.
ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികൾ നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
