
മനാമ: സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്കുള്ള പരിചരണം വര്‍ധിപ്പിക്കുന്നതിനായി ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ ഹെറിഡിറ്ററി ബ്ലഡ് ഡിസോര്‍ഡേഴ്സ് സെന്ററില്‍ (എച്ച്.ബി.ഡി.സി) സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനം അടിയന്തര പ്രതികരണ സമയം മെച്ചപ്പെടുത്തുകയും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയും ചെയ്യുമെന്നും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ പരിചരണം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ആശുപത്രി കാര്യ വിഭാഗം സി.ഇ.ഒ. ഡോ. മറിയം അത്ബി അല്‍ ജലഹമ പറഞ്ഞു.
ബഹ്റൈന്‍ സിക്കിള്‍ സെല്‍ സൊസൈറ്റി ചെയര്മാന് സക്കറിയ ഇബ്രാഹിം അല്‍ കാസിം ഈ നീക്കത്തെ അഭിനന്ദിച്ചു. ഇത് ആരോഗ്യ സംരക്ഷണ നിലവാരത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നുവെന്നും സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചവര്‍ക്ക് തുടര്‍ച്ചയായ സേവനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
