
ദില്ലി: മിഗ് വിമാനങ്ങൾക്ക് പകരമായി ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമായ തേജസ് വിമാനം 24 വർഷത്തിനിടയിൽ തകർന്നത് രണ്ട് തവണ മാത്രം. സിംഗിൽ സീറ്റർ യുദ്ധ വിമാനമാണ് തേജസ്. വ്യോമ സേനയും നാവിക സേനയും പക്കൽ ട്വിൻ സീറ്റ് ട്രെയിനർ വേരിയന്റും ഉപയോഗിക്കുന്നുണ്ട്. 4000 കിലോ ഭാരമാണ് തേജസിന്റെ പേ ലോഡ് . 13, 300 കിലോ ഭാരമാണ് തേജസിന്റെ ടേക്ക് ഓഫ് വെയിറ്റ്. 2024 മാർച്ച് 12നാണ് തേജസ് ആദ്യമായി തകർന്നത്. ജയ്സാൽമീറിൽ വച്ച് പരിശീലന പറക്കലിന് ഇടയിലായിരുന്നു ഇത്. അവസാനമായി തേജസ് വിമാനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്ത സംഭവം ജയ്സാൽമീറിൽ നിന്നായിരുന്നു. 2001ൽ ആദ്യ പറക്കൽ നടത്തിയത് ശേഷമുള്ള ആദ്യത്തെ അപകടമായിരുന്നു ഇത്. ഈ അപകടത്തിൽ സുരക്ഷിതനായി പുറത്ത് വരാൻ പൈലറ്റിന് സാധിച്ചിരുന്നു. വ്യോമ സേനയും 45ാം സ്ക്വാഡ്രന്റെ ഭാഗമാണ് തേജസ്. ഫ്ലെയിംഗ് ഡാഗേഴ്സ് എന്നാണ് ഈ സ്ക്വാഡ്രൻ അറിയപ്പെടുന്നത്.
തകർന്നത് ഫ്ലെയിംഗ് ഡാഗേഴ്സിന്റെ മുൻ നിര പോരാളി
13.2 മീറ്റർ നീളവും 4.4 മീറ്റർ ഉയരവുമുള്ള വിമാനത്തിന്റെ ആകെ ഭാരം 12 ടണ്ണാണ്. മണിക്കൂറിൽ 1350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തേജസ് 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കും. ഒരിക്കൽ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ കഴിയും. ഒരോ തേജസ് വിമാനത്തിനും 220 മുതൽ 250 കോടി രൂപ വരെയാണ് നിർമ്മാണ ചെലവ്. ഇത് അത്യാധുനിക സംവിധാനങ്ങൾ വർധിപ്പിക്കുമ്പോൾ 275 കോടി മുതൽ 300 കോടി വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമാണ് തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്എഎൽ) ആണ് തേജസ് നിര്‍മിക്കുന്നത്.
2001ലാണ് തേജസ് ആദ്യ പറക്കൽ നടത്തിയത്. സൂപ്പർ സോണിക് ഫൈറ്റർ വിമാനങ്ങൾ ആയ തേജസ് 2016ലാണ് വ്യോമസേനയുടെ ഭാഗമായത്. പിൻവലിച്ച മിഗ് 21 വിമാനങ്ങൾക്ക് പകരമായാണ് തേജസ് വിമാനത്തെ രൂപകൽപന ചെയ്തത്. വായുപോരാട്ടം, വായുവിൽ നിന്ന് ഉപരിതല ആക്രമണം, നിരീക്ഷണം തുടങ്ങിയവയാണ് തേജസിന്റെ ദൗത്യങ്ങൾ. തേജസ് മാർക്ക് 1, തേജസ് മാർക്ക് 1 A, ട്രെയിനർ/ ലൈറ്റ് അറ്റാക്ക് എന്നീ മൂന്ന് മോഡലുകളാണുള്ളത്. 2003ലാണ് വിമാനത്തിന് തേജസ് എന്ന പേര് നൽകുന്നത്. 97 തേജസ് യുദ്ധ വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ഈ വർഷം 62000 കോടി രൂപയുടെ കരാർ നൽകിയിരുന്നത്.


