തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പോക്സോ വകുപ്പ് പ്രകാരം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് പൊലീസില്‍ നിന്നുള്ള ഡാറ്റകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 214 കുട്ടികള്‍ കൊല്ലപ്പെടുകയും 9604 പേര് ലൈംഗികാതിക്രമത്തിന് ഇരയാകുകയും ചെയ്തു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായാണ് പൊലീസ് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2016 മുതല്‍ 2023 മെയ് വരെ 31364 ആണ്. 2016 ല്‍ 33 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികള്‍ കൊല്ലപ്പെട്ടു. 2019 ല്‍ ഇത് 25 ഉം 2020 ല്‍ 29 ഉം ആയിരുന്നു. എന്നാല്‍ 2021 ല്‍ 41 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2022 ല്‍ 23 കുട്ടികള്‍ കൊല്ലപ്പെട്ടു.
ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏഴ് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം അതിഥി തൊഴിലാളികള്‍ കുറ്റവാളികളാകുന്ന കേസുകളും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 118 കൊലപാതക കേസുകളില്‍ 159 അതിഥി തൊഴിലാളികളെ പ്രതികളാക്കി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ 2013ല്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് 25 ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ 2021 ല്‍ ആസൂത്രണ ബോര്‍ഡ് നടത്തിയ സര്‍വെ പ്രകാരം 34 ലക്ഷം അതിഥി സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് പറയുന്നത്. കൊവിഡ് മഹാമാരി സമയത്ത് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെങ്കിലും നല്ലൊരു ഭൂരിപക്ഷവും മടങ്ങിയെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ പുതിയ തൊഴിലാളികളും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബീഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ അതിഥി സംസ്ഥാന തൊഴിലാളിയായ അസ്ഫാഖ് ആലം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഒരു വിഭാഗം വലിയ പ്രചരണവും നടത്തിയിരുന്നു. അതിഥി തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കലില്ല എന്നാണ് ഉയരുന്ന ആക്ഷേപം. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും എന്ന് മന്ത്രി വി ശിവന് കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. അതിഥി തൊഴിലാളികള്‍ക്കായുള്ള അതിഥി ആപ് അടുത്ത മാസം തന്നെ ഏര്‍പ്പെടുത്തും എന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വ്യാപകമാക്കും. ലേബര്‍ ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സന്ദര്‍ശനം നടത്തും.
1979 ലെ കേന്ദ്ര നിയമത്തിനെ ബാധിക്കാതെ നിയമ നിര്‍മ്മാണം നടത്താന്‍ സംസ്ഥാനം ആലോചിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തില്‍ എത്തുന്നത് തടയുന്ന തരത്തിലായിരിക്കും നിയമനിര്‍മാണം നടപ്പിലാക്കുക എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ കണക്കില്‍ കൃത്യത വരുത്തും എന്നും ശിവന്‍കുട്ടി പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കുട്ടികളുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്. ഇത്തരം ഒരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. പൊലീസ് വീഴ്ചയെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളിയിരുന്നു. ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.