2023ലെ ഏഷ്യാ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കും. ചൈന പിന്മാറിയതിനെ തുടർന്നാണ് ടൂർണമെന്റ് ഖത്തറിലേക്ക് മാറ്റുന്നത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ആണ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്.
അടുത്ത വർഷത്തെ ഏഷ്യാ കപ്പ് ചൈനയിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സീറോ കോവിഡ് നയം പ്രഖ്യാപിച്ച ചൈന ഈ വർഷം ആദ്യം ടൂർണമെന്റ് നടത്തുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതോടെയാണ് പുതിയ ആതിഥേയരെ നിയമിച്ചത്. ഖത്തറിന് പുറമെ ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.
പുതിയ ആതിഥേയരെ നിയമിക്കുന്നതോടെ ഏഷ്യാ കപ്പിന്റെ ഷെഡ്യൂളിൽ മാറ്റമുണ്ടാകും. അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ അടുത്ത വർഷം അവസാനമോ 2024 ആദ്യമോ ഏഷ്യാ കപ്പ് നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.