ന്യൂയോർക്ക്: രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റ ആദ്യ ദിവസം തന്നെ നിർണായകമായ തീരുമാനങ്ങളാണ് നടപ്പാക്കിയത്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറുദിവസത്തിനുള്ളിൽ തന്നെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അനധികൃത കുടിയേറ്റക്കാരിൽ 20000ത്തോളം ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 20000ത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന റിപ്പോർട്ടുകൾ മോദി സർക്കാരിനും വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കേന്ദ്രം കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
ചാർട്ടേഡ് വിമാനങ്ങളിൽ ഇത്ര.യും ഇന്ത്യക്കാരെ തിരിച്ചയക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രം പ്രതിരോധത്തിലാകും. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂ എന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായി സൂചനയുണ്ട്.ഇത് കൂടാതെ ട്രംപ് സർക്കാരിന്റെ മറ്റൊരു മുന്നറിയിപ്പിലും കേന്ദ്രത്തിന് ആശങ്കയുണ്ട്. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കും എന്ന തീരുമാനമാണ് മോദി സർക്കാരിന് വെല്ലുവിളിയാകുന്നത്.
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് ട്രംപി പിൻമാറിയതും കേന്ദ്രസർക്കാരിനെ പരോക്ഷമായി ബാധിക്കും.അതേസമയം പനാമ കനാൽ തിരിച്ചുപിടിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ നിലവിലെ ഉടമസ്ഥരായ ലാറ്റിനമേരിക്കൻ രാജ്യം പനാമ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് പനാമ വ്യക്തമാക്കിയിരിക്കുന്നത്. ട്രംപിനെതിരെ പനാമ യു.എന്നിൽ പരാതി നൽകുകയും ചെയ്തു. യു.എസ് കണ്ടെയ്നർ ഗതാഗതത്തിന്റെ 40 ശതമാനവും പനാമ കനാലിലൂടെയാണ് കടന്നുപോകുന്നത്. യു.എസുമായുള്ള ഉടമ്പടിയിലെ വ്യവസ്ഥകൾ പനാമ ലംഘിച്ചെന്നാണ് ട്രംപിന്റെ ആരോപണം. കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് പനാമ അന്യായ നിരക്ക് ചുമത്തുന്നെന്നും കനാൽ മേഖലയിൽ ചൈനീസ് സ്വാധീനം വർദ്ധിക്കുന്നെന്നും അദ്ദേഹം ആരോപിക്കുന്നു. കനാലിന്റെ നിയന്ത്രണം ചൈനീസ് കരങ്ങളിലാണെന്നും ട്രംപ് പറയുന്നു.