ഗാന്ധിനഗർ: 200 കോടിയുടെ സമ്പത്ത് ദാനം ചെയ്തതിനുശേഷം സന്യാസം സ്വീകരിച്ച് ഗുജറാത്തിൽ നിന്നുളള ദമ്പതികൾ. ജെയിൻ സമുദായക്കാരായ ഭാവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് മക്കൾക്ക് പിന്നാലെ സന്യാസ ദീക്ഷ സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചടങ്ങിൽ എല്ലാ സ്വത്തുക്കളും ദാനം ചെയ്ത ഇവർ ഈ മാസം 22ന് നടക്കുന്ന ചടങ്ങിലായിരിക്കും ഔദ്യോഗികമായി ലൗകിക ജീവിതം ഉപേക്ഷിക്കുക.
ഹിമ്മത്നഗർ സ്വദേശിയായ ഭാവേഷ് നിർമാണ മേഖലയിൽ ബിസിനസ് നടത്തി വരികയായിരുന്നു. 2022ൽ ദമ്പതികളുടെ 19ഉം 16ഉം വയസുള്ള മകളും മകനും സന്യാസം സ്വീകരിച്ചിരുന്നു. മക്കളുടെ പാത പിന്തുടർന്നാണ് ഇരുവരും സുഖസൗകര്യങ്ങൾ ഉപേക്ഷിക്കുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.ചടങ്ങിനുശേഷം എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഇന്ത്യയിലുടനീളം നഗ്നപാദരായി നടന്ന് ഭിക്ഷ യാചിച്ചായിരിക്കും ഇവർ ഉപജീവനം നടത്തുക. ഉടുക്കാൻ രണ്ട് ജോഡി വെള്ള വസ്ത്രങ്ങൾ മാത്രമാവും ഉണ്ടാവുക. ഭീക്ഷയാചിക്കുന്നതിനായി ഒരു പാത്രവും ഉണ്ടാവും. ഇരിക്കാനുള്ള സ്ഥലം വൃത്തിയാക്കാൻ സന്യാസിമാർ ഉപയോഗിക്കുന്ന ‘രാജോരഹൺ’ എന്ന പേരിലുള്ള ചൂലും കയ്യിലുണ്ടാവും.കഴിഞ്ഞ ദിവസം ഭണ്ഡാരി ദമ്പതിമാർ നാല് കിലോമീറ്റർ നീളുന്ന ഒരു റാലി നടത്തിയതിനുശേഷമാണ് തങ്ങളുടെ എല്ലാ സ്വത്തുക്കളും ദാനം ചെയ്തത്. ഇതിൽ മൊബൈൽ ഫോണുകളും എസികളും വരെ ഉൾപ്പെടുന്നു. രാജകീയ വേഷത്തിൽ രഥത്തിലായിരുന്നു ദമ്പതിമാർ ഘോഷയാത്ര നടത്തിയത്.