കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃത കുടിയേറ്റ തൊഴിലാളികളെ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ താമസവും തൊഴിൽ നിയമങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് 192 അനധികൃത താമസക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു.
എഴുപത്തിനാല് നിയമലംഘകരെ അൽ അഹ്മദി ഗവർണറേറ്റിൽ നിന്നും മുബാറക് അൽ കബീർ ഗവർണറേറ്റിൽ പോലീസ് നടത്തിയ റെയ്ഡിൽ 118 നിയമലംഘകരും പിടിയിലായി. പിടിയിലായവരിൽ കൂടുതലും ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളാണ്.
റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരായ നടപടി ആരംഭിച്ചതായും പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെ അവരുടെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തുന്നതിനായിയുള്ള നടപടിക്രമങ്ങൾക്കായി ജയിലിലേക്ക് മാറ്റുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കുവൈറ്റ് കഴിഞ്ഞ മാസങ്ങളിൽ അനധികൃത താമസക്കാർക്ക് അവരുടെ വിസ നിയമവിധേയമാക്കാൻ സമയം അനുവദിക്കുന്നതിനായി നിരവധി തവണ ഇളവ് നീട്ടി നൽകിയിരുന്നു.
ഏകദേശം 4.6 ദശലക്ഷം ജനങ്ങളുള്ള കുവൈറ്റിൽ കൂടുതലും പ്രവാസി തൊഴിലാളികളാണ്. രേഖകൾ ഇല്ലാതെ പിടിയിലാകുന്ന വിദേശികൾക്ക് യാതൊരു വിധ ഇളവും നൽകേണ്ടതില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറക്ക് പഴുതടച്ച പരിശോധനയിലൂടെ രാജ്യത്തെ താമസ നിയമലംഘകരെ മുഴുവൻ പിടികൂടി നാടുകടത്തുമെന്നു അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
