നടക്കാവ്: കോഴിക്കോട് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചെന്നൈ എസ്ആർഎം കോളേജിലെ വിദ്യാർത്ഥിയായ നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ്(19) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല എന്നാരോപിച്ച് കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി.
എസ്ആർഎം കോളേജിൽ റെസ്പിറേറ്ററി തെറാപ്പി കോഴ്സ് വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഒന്നാം സെമസ്റ്റർ പരീക്ഷകൾ തിങ്കളാഴ്ച നടക്കാനിരിക്കുകയാണ്. എന്നാൽ ഹാജർ നില കുറവാണെന്ന് ചൂണ്ടിക്കാട്ടി ആനിഖിന് പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുമതി നിഷേധിച്ചതായാണ് വിവരം.
പരീക്ഷ എഴുതാൻ 80 ശതമാനം ഹാജർ വേണമെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ ആനിഖിന് 67 ശതമാനം ഹാജരാണ് ഉള്ളത്. കോഴ്സിന് ചേർന്ന ഉടൻ തന്നെ ആനിഖിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും കുറച്ച് അവധി എടുക്കേണ്ടി വന്നതായും കുടുംബാംഗങ്ങൾ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും കോളേജ് അധികൃതർ ഇത് അംഗീകരിക്കുകയോ പരീക്ഷയെഴുതാൻ അനുമതി നൽകുകയോ ചെയ്തില്ലെന്നും കുടുംബം പറഞ്ഞു.