
കൊച്ചി : നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ചെത്തിയ 17 വയസുകാരന് പോലീസിന്റെ പിടിയിലായതോടെ സഹോദരൻ കുടുങ്ങി. അനിയൻ ചെയ്തതിനെല്ലാം കോടതി ശിക്ഷിച്ചത് ചേട്ടനെയാണ്. ഇതോടെ ബൈക്കുടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തി. ആലുവ സ്വദേശിക്കാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വി നൈന ശിക്ഷ വിധിച്ചത്.17 വയസ് മാത്രം പ്രായമുള്ള അനിയന് വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴ. കോടതി പിരിയുന്നത് വരെ വെറും തടവിനും വാഹന ഉടമയെ ശിക്ഷിച്ചു.പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ വാഹന ഉമയ്ക്കെതിരെ കടുത്ത ശിക്ഷ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് മിക്കപ്പോഴും ഓർമ്മപ്പെടുത്താറുള്ളതാണ്. എന്നിട്ടും ചിലരൊന്നും പാഠം പഠിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്കും വാഹനത്തിന്റെ രജിസ്ട്രേഷന് ഒരു വര്‍ഷത്തേക്കും സസ്പെന്റ് ചെയ്തിരുന്നു. വാഹനം ഓടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ നിയമ നടപടികള്‍ തുടരും.

