മലപ്പുറം: നിലമ്പൂർ മമ്പാട് 55 കാരിയായ വീട്ടമ്മയെ ദേഹോപദ്രവം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 17 കാരൻ പൊലീസ് പിടിയിൽ. വീട്ടമ്മക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ദേഹോപദ്രവമാണെന്ന് വീട്ടമ്മയുടെ ഭർത്താവ് പറഞ്ഞു. വീട്ടമ്മക്ക് തോള് എല്ലിനും തലയോട്ടിക്കും സാരമായ പരിക്ക് ഉണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിന്‍വാതിലിലൂടെ കയറിവന്ന് ആക്രമിക്കുക ആയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പ്രതി വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തു. പള്ളിയിൽ നിന്നും തിരികെ വന്ന ഭർത്താവ് ആണ് സ്ത്രീ പരിക്കേറ്റ് ഗുരുതര അവസ്ഥയിൽ കിടക്കുന്നത് കണ്ടത്.
വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പ്രത്യേക പോലീസ് സംഘം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ പിടികൂടിയത്. കവര്‍ച്ചചെയ്ത രണ്ട് മൊബൈല്‍ഫോണുകളില്‍ ഒരെണ്ണം മഞ്ചേരി മൊബൈല്‍ ഷോപ്പിലും മറ്റൊരെണ്ണം കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി പ്രതി മൊഴി നല്കി. പ്രതി കോഴിക്കോട് പന്തീരാങ്കാവ് പൊലീസില്‍ ബൈക്ക് മോഷണ കേസില്‍ പിടിയിലായ ആളാണ്. സ്വന്തമായി ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണം നടത്താന്‍ എത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിയെ തെളിവെടുപ്പിന് ശേഷം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കും.
