കുമളി (ഇടുക്കി): ഇടുക്കി കുമളിയിൽ പതിനാറുകാരി വീട്ടിൽ പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുമളി പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
കുട്ടി ഇന്ന് സ്കൂളിൽ പോയില്ല. തനിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് ഇന്നലെ വൈകുന്നേരം മുതൽ കുട്ടി പറയുന്നുണ്ടായിരുന്നു. കുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കൾക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. കുട്ടിയോടൊപ്പം പഠിച്ചിരുന്ന ആളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തി. ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടില്ല.
ഇരുവരും പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി അന്വേഷണം നടത്തിയ ശേഷമാണ് കുട്ടിക്കെതിരെ നടപടി സ്വീകരിക്കുക. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തന്നെ മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി തന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുക്കുന്നില്ല. പെൺകുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.