
മനാമ: ബഹ്റൈനില്‍ ഈ അദ്ധ്യയന വര്‍ഷം 1,500 സെക്കന്‍ഡറി ടെക്നിക്കല്‍, വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘തക്വീന്’ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇബ്രാഹിം അലി അല്‍ ബുര്‍ഷൈദ് അറിയിച്ചു. 250 സര്‍ക്കാര്‍, സ്വകാര്യ കമ്പനികളിലായാണ് പരിശീലനം.
വിവിധ സാങ്കേതിക, വൊക്കേഷണല്‍ സ്പെഷ്യലൈസേഷനുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പ് സ്കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നാലാഴ്ചത്തെ പ്രായോഗിക പരിശീലനം ആരംഭിച്ചു.
പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, അക്കാദമിക് വിദ്യാഭ്യാസത്തെ തൊഴില്‍ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഗുണനിലവാരമുള്ള പരിശീലന അവസരങ്ങള്‍ ലഭ്യമാക്കുക, വിവിധ തൊഴില്‍ മേഖലകള്‍ക്കാവശ്യമായ വൈദഗ്ദ്ധ്യവും അറിവും നല്കി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക എന്നിവയാണ് ‘തക്വീന്’ പരിപാടി ലക്ഷ്യമിടുന്നതെന്ന് അല്‍ ബുര്‍ഷൈദ് പറഞ്ഞു.
