
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ ഒരു ആഫ്രിക്കക്കാരന് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. കേസുമായി സഹകരിച്ചതിന്റെ പേരില്‍ മറ്റൊരു പ്രതിയെ വെറുതെ വിട്ടു.
2020 ഡിസംബര്‍ നാലിന് ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ രണ്ടു സൂട്ട്കെയ്സുകളില് നയമവിരുദ്ധമായ വസ്തുക്കളുണ്ടെന്ന് സംശയിച്ച് അധികൃതര്‍ സ്കാന്‍ ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് വിട്ടു. സൂട്ട്കെയ്സുമായി എത്തിയയാളെ റെഡ് ചാനലില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ നിയമവിരുദ്ധമായ ഒന്നും അതിലില്ലെന്നാണ് അയാള്‍ പറഞ്ഞത്.
തുടര്‍ന്ന് സൂട്ട്കെയ്സുകള്‍ പരിശോധിച്ചപ്പോള്‍ 9.63 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. എന്നാല്‍ അതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ബഹ്റൈനിലുള്ള ഒരാളെ ഏല്‍പ്പിക്കാന്‍ മറ്റൊരാള്‍ തന്നോട് ആവശ്യപ്പെട്ടതാണെന്നും അയാള്‍ പറഞ്ഞു. കൂടാതെ സൂട്ട്കെയ്സ് കൈമാറേണ്ടയാളുടെ വിവരങ്ങള്‍ നല്‍കുകയും ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെക്കൊണ്ട് രണ്ടാം പ്രതിയെ വിളിപ്പിച്ച് സാധനം കൈപ്പറ്റാന്‍ തന്റെ വസതിയിലെത്താന്‍ പറഞ്ഞു. ഒരു സ്ത്രീയോടൊപ്പം അവിടെയെത്തിയ രണ്ടാം പ്രതിയെ അധികൃതര്‍ പിടികൂടി. അധികൃതരുമായി സഹകരിച്ച ഒന്നാം പ്രതിയെയാണ് കോടതി വെറുതെ വിട്ടത്.
