മനാമ: ബഹ്റൈനിൽ 7 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് രണ്ട് നൈജീരിയൻ പ്രവാസികൾക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 28-ഉം 29-ഉം വയസ്സുള്ള രണ്ടുപേർക്ക് ഹൈ ക്രിമിനൽ കോടതി 10,000 ബഹ്റൈൻ ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷാകാലാവധിക്കുശേഷം തിരികെ വരാനാവാത്തവിധം നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു. വിൽപനയും ഉപയോഗവുമുദ്ദേശിച്ചാണ് അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി എയർപോർട്ടിൽവെച്ചാണ് മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുമായി പിടിയിലായത്. രണ്ടാം പ്രതിക്കുവേണ്ടിയാണ് ഇവ രാജ്യത്ത് എത്തിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ പിടികൂടിയത്.

