മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ 14കാരനെ സഹപാഠികൾ തീകൊളുത്തി. ക്ലാസ് മുറിയിൽ വച്ചാണ് യുവാൻ സമോറാനോ എന്ന 14കാരനെ സഹപാഠികൾ അഗ്നിക്കിരയാക്കിയത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ യുവാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ ആഴ്ചയാണ് യുവാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. സെൻട്രൽ സ്റ്റേറ്റായ ക്വെറെറ്റാരോയിലെ ഹൈസ്കൂളിൽ തദ്ദേശീയ ഭാഷ സംസാരിച്ചതിന്റെ പേരിലാണ് കുട്ടി ആക്രമിക്കപ്പെട്ടത്.
യുവാൻ്റെ ഇരിപ്പിടത്തിൽ രണ്ട് സഹപാഠികൾ മദ്യം ഒഴിച്ചു. ഇതറിയാതെ സീറ്റിൽ ഇരുന്ന യുവാൻ്റെ ട്രൗസർ നനയുകയും കുട്ടി എഴുന്നേറ്റ് നിൽക്കുകയും ചെയ്തു. ഈ സമയത്ത് സഹപാഠികളിൽ ഒരാൾ യുവാൻ്റെ ദേഹത്ത് തീകൊളുത്തുകയായിരുന്നു.
മെക്സിക്കോയിലെ തദ്ദേശീയ വിഭാഗമായ ഒടോമിയിൽ ഉൾപ്പെട്ട കുട്ടിയാണ് യുവാൻ. അതുകൊണ്ട് തന്നെ യുവാൻ പലതവണ പീഡനത്തിനും പരിഹാസത്തിനും ഇരയായിട്ടുണ്ട്. കുട്ടിയുടെ അധ്യാപകരും യുവാനെ പരിഹസിക്കാറുണ്ടെന്ന് യുവാൻ്റെ മാതാപിതാക്കൾ പറയുന്നു. ഒടോമിയാണ് കുട്ടിയുടെ മാതൃഭാഷ. എന്നാൽ, നിരന്തരമായ പീഡനവും പരിഹാസവും നേരിടുന്നതിനാൽ യുവാൻ ഇത് ഉപയോഗിക്കാറില്ല.
350,000 ജനസംഖ്യയുള്ള ഒട്ടോമി ലാറ്റിനമേരിക്കൻ രാജ്യത്തിലെ ഡസൻ കണക്കിന് തദ്ദേശീയ ഗ്രൂപ്പുകളിൽ ഒന്നാണ്. 2020 ലെ സെൻസസ് പ്രകാരം ഇവിടെ 23.2 ദശലക്ഷം ആളുകൾ തദ്ദേശീയരാണ്. 7.3 ദശലക്ഷത്തിലധികം ആളുകൾ തദ്ദേശീയ ഭാഷ സംസാരിക്കുന്നു. 26 ദശലക്ഷം ജനസംഖ്യയുള്ള മെക്സിക്കോയിൽ വിവേചനം സാധാരണമാണ്.

Summary: In Mexico a 14-year-old boy was set on fire by his classmates in the classroom