തിരുവനന്തപുരം: കുട്ടികൾക്കായി കോവിഡ് 19 വാക്സിനേഷൻ ആരംഭിച്ച ആദ്യദിനത്തിൽ തിരുവനന്തപുരം ജില്ലയിൽ വാക്സിൻ സ്വീകരിച്ചത് 13,968 കുട്ടികൾ. ഇന്നലെ(ജനുവരി 3) രാവിലെ ഒൻപതു മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് വാക്സിനേഷന് തുടക്കമായത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആശുപത്രി സന്ദർശിച്ചു വാക്സിനേഷൻ നടപടികൾ വിലയിരുത്തി. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.രാജു വി ആർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ജി ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ , ആർ സി എച്ച് ഓഫീസർ ഡോ. ദിവ്യ സദാശിവൻ എന്നിവർ സന്നിഹിതരായിരുന്നു.
126 ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇന്നലെ (ജനുവരി 3) കുട്ടികൾക്കുള്ള വാക്സിനേഷൻ സൗകര്യം ഒരുക്കിയത്. ഇന്നും (ജനുവരി 4) 126 ആരോഗ്യ കേന്ദ്രങ്ങളിൽ കുട്ടികൾക്കായി വാക്സിനേഷൻ സൗകര്യമുണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനായി പിങ്ക് നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ താലൂക്ക് ആശുപത്രികൾ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നാളെ ലഭ്യമാണെന്നും ഡി. എം. ഒ അറിയിച്ചു.