ശ്രീനഗർ: കശ്മീരിൽ പലയിടത്ത് നിന്നുമായി പല പേരിൽ 27 പേരെ വിവാഹം കഴിച്ച് കബിളിപ്പിച്ച് യുവതി മുങ്ങി. ബ്രോക്കർ വഴി വിവാഹം ചെയ്ത് 10-20 ദിവസം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ ശേഷം അവിടെ നിന്ന് മുങ്ങുന്നതാണ് ഇവരുടെ രീതി. ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി 12 ഓളം പുരുഷന്മാർ പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. യുവാക്കൾ പരാതിക്കൊപ്പം നൽകിയ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് 12 പരാതികളിലേയും സ്ത്രീ ഒന്നായിരുന്നു എന്ന് മനസിലാകുന്നത്.
തട്ടിപ്പിന് ഇരയായവരെല്ലാം ബ്രോക്കർ വഴിയാണ് വിവാഹം കഴിച്ചത്. വിവാഹം ചെയ്ത ശേഷം അവരുടെ പണവും സ്വർണവുമായി യുവതി മുങ്ങും. രണ്ട് ലക്ഷം രൂപ തന്നാൽ ശാരീരിക പ്രശ്നങ്ങൾ ഉള്ള മകന് വിവാഹം ശരിയാക്കി തരമെന്ന് ബ്രോക്കർ പറഞ്ഞു. എന്നാൽ ആദ്യം പറഞ്ഞ പെൺകുട്ടി പരിക്കേറ്റു ആശുപത്രിയിലാണെന്നും വിവാഹം നടക്കില്ലെന്നും അറിയിച്ചു. കൊടുത്ത കാശിന്റെ പകുതി തിരികെ നൽകുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു തന്ന ശേഷം വിവാഹം ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് ശേഷം പത്താം ദിവസം ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവതി പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും തട്ടിപ്പിനിരയായ ഒരു യുവാവിന്റെ പിതാവ് പറഞ്ഞു.
അഞ്ച് ലക്ഷം രൂപയുടെ സ്വർണവും 3,80,000 രൂപയും യുവതിക്ക് നൽകിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം രാത്രി വീട്ടിലെ സാധനങ്ങളെല്ലാമെടുത്താണ് യുവതി ഓടിപ്പോയെന്നാണ് മറ്റൊരാളുടെ പരാതി. കള്ളപ്പേരിലാണ് യുവതി എല്ലാവരെയും കബളിപ്പിച്ചത്. തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റ് പ്രവൃത്തിക്കുന്നുണ്ടോ എന്നും സംശയിക്കുന്നതായി പരാതികാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ബുഡ്ഗാമിൽ മാത്രം ബ്രോക്കർമാരുടെ സഹായത്തോടെ യുവതി 27 പുരുഷന്മാരെ വിവാഹം കഴിച്ചു. എന്നാൽ യുവതിയുടെ യഥാർഥ പേരോ മറ്റ് വിവരങ്ങളോ ആർക്കും അറിയില്ല. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.