കൊച്ചി: അതിർത്തി കടന്ന് എത്തി കർണാടക പൊലീസിന്റെ കൈക്കൂലി. അറസ്റ്റ് ഒഴിവാക്കാൻ പ്രതികളിൽ നിന്നും 10 ലക്ഷം രൂപയാണ് കർണാടക പൊലീസ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പ്രതികൾ 4 ലക്ഷം രൂപ കർണാടക പൊലീസിന് കൈമാറിയത് കളമശ്ശേരി പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കർണ്ണാടക പൊലീസിലെ ഇൻസ്പെക്ടര്‍ ഉള്‍പ്പടെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് കൊച്ചിയിൽ പിടിയിലായത്. ശിവപ്രകാശ്, ശിവണ്ണ, വിജയകുമാർ, സന്ദേശ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചത്തിന് ശേഷമായിരിക്കും പ്രതികളെ കോടതിയിൽ ഹാജരാക്കുക. ഭീഷണിപ്പെടുത്തി പണാപഹരണം നടത്തി എന്നതടക്കം 5 വകുപ്പുകൾ ചുമത്തിയാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3.95 ലക്ഷം രൂപയാണ് കൊച്ചി സ്വദേശികളിൽ നിന്ന് കർണാടക ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തി വാങ്ങിയത്.
ബാംഗ്ലൂരിലെ ക്രിപ്റ്റോ കറൻസി കേസിൽ നിന്ന് ഒഴിവാക്കാനാണ് പണം ആവശ്യപ്പെട്ടത്.കേസ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയ കർണ്ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ പള്ളുരുത്തി സ്വദേശികളായ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ബംഗളുരു വൈറ്റ് ഫീൽഡ് പൊലീസില്‍ കിട്ടിയ പരാതിയിലാണ് കർണ്ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. 26 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രതികളാണ് പള്ളുരുത്തി സ്വദേശികൾ. ഇവര്‍ 4 ലക്ഷം രൂപ കർണാടക പൊലീസിന് കൈമാറിയതും കളമശ്ശേരി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.