ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങളും വീടുകളും കടകളും ആക്രമിച്ച സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുൽന ഗ്രാമത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ബംഗ്ലാദേശിലെ ഷിയാലി ഗ്രാമത്തിൽ വെള്ളിയാഴ്ച ഹിന്ദു- മുസ്ലീം പ്രദേശവാസികൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് അക്രമികൾ നാല് ഹിന്ദുക്ഷേത്രങ്ങളിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ തല്ലിത്തകർക്കുകയായിരുന്നു.
ഷിയാലി മഹാശ്മശാൻ ക്ഷേത്രമാണ് ആദ്യം ആക്രമിച്ചത്. ഇതിന് ശേഷം ഹരി മന്ദിർ, ദുർഗാ മന്ദിർ, ഗോവിന്ദ മന്ദിർ ക്ഷേത്രങ്ങളും തകർത്തു. നിലവിൽ സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടം ഇരു വിഭാഗവുമായി ചർച്ചകൾ നടത്തിവരികയാണ്.