
മനാമ: ബഹ്റൈനില്‍ ശരത്കാല മേളയുടെ 35ാമം പതിപ്പ് 2025 ജനുവരി 23 മുതല്‍ ഫെബ്രുവരി 1 വരെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കും.
ബഹ്റൈനിലെ പ്രധാന പരിപാടികളിളൊന്നാണ് ശരത്കാല മേളയെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ. സാറ ബുഹിജി പറഞ്ഞു. ഇത് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നതായും അവര്‍ പറഞ്ഞു.
ശരത്കാല മേളയുടെ 35ാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. ബഹ്റൈനിലെ റീട്ടെയില്‍ വിപണിയെ പ്രദര്‍ശിപ്പിച്ച് സന്ദര്‍ശകര്‍ക്ക് അസാധാരണമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.
മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. എന്നാല്‍ സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ www.theautumnfair.com എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
ഈ വര്‍ഷം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനുണ്ടാകും. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനായി ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സ് നിരവധി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
മേള ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. അവസാന രണ്ടു ദിവസങ്ങളില്‍ (ജനുവരി 31, ഫെബ്രുവരി 1) മേള രാവിലെ 10 മുതല്‍ രാത്രി 10 വരെ വരെ തുടര്‍ച്ചയായി തുറന്നിരിക്കും. കൂടാതെ, ജനുവരി 26നും 27നും രാവിലെ സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനം നല്‍കും.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 10,000 കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. എക്സിബിഷന് വേള്‍ഡ് ബഹ്റൈനിലേക്ക് കോംപ്ലിമെന്ററി ഷട്ടില്‍ ബസുകളും ഏര്‍പ്പെടുത്തും.
