കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിമാനത്താവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ പരിശോധനയില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് അദ്ദേഹം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രി യോഗത്തില്‍ അറിയിച്ചു .
കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ അവലോകനയോഗം ചേര്‍ന്നത്. ഐസൊലേഷന്‍ വാര്‍ഡുകളിലും, രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ നിരീക്ഷണത്തില്‍ വെക്കുമ്പോഴും കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് സ്ഥിരമായി പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. രോഗനിര്‍ണയത്തിനായി നിലവില്‍ സജ്ജീകരിച്ചിട്ടുള്ള ലാബുകള്‍, ആശുപത്രികളിലെ പ്രത്യേക സജ്ജീകരണങ്ങള്‍, അധിക ഡോക്ടര്‍മാരുടെ സേവനം ,മരുന്നുകളുടെ ലഭ്യത തുടങ്ങി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. വിമാനത്താവളം ,തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലെ ആരോഗ്യപരിശോധനയില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയുണ്ടാകരുതെന്നും ആരോഗ്യമന്ത്രി ഹര്ഷവര്ധന് യോഗത്തില്‍ വ്യക്തമാക്കി. അതേസമയം നിലവിലെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സെന്‍ട്രല്‍ ആര്‍മഡ് ഫോഴ്സിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി. ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം ,കൂടാതെ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളികളാകാനും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു .