സംസ്ഥാനത്ത് പുതിയതായി രണ്ടു കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മൂന്നാറിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനാണ് ഒരാൾ. രണ്ടാമത്തെയാൾ വിദേശത്ത് പഠനത്തിനായി പോയ ഡോക്ടർ ആണ്. ഇതോടെ രോഗ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 21 ആയി. രോഗം ഭേദമായ മൂന്നു കേസുകൾ കൂടി ചേർത്താൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 24 ആണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ റോഡുകളിലും പരിശോധന ഉണ്ടായിരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരനും സംഘവും താമസിച്ചുവന്നിരുന്ന കെടിസിസിടി കൌണ്ടി എന്ന റിസോര്‍ട്ട് ഇതോടെ അടച്ചിട്ടിട്ടുണ്ട്. റിസോര്‍ട്ടിലുണ്ടായിരുന്ന വിദേശികളെ വിട്ടയച്ചത് കെടിഡിസിയിലെ ഉന്നതന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍ മേഖലയില്‍ ഊര്‍ജ്ജിതമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. ജീപ്പ് സവാരികള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എംഎം മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.