മുതലമടയ്ക്ക് സമീപം മൂച്ചംകുണ്ടില്‍നിന്നും കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയെ സമീപത്തെ കിണറ്റില്‍നിന്നും വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. സംഭവത്തില്‍ ബന്ധുവായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയോട് പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ ശേഷം കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു പൊലീസ് പറഞ്ഞു.
സംഭവദിവസം രാത്രി പെണ്‍കുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിനു പോയിരിക്കുകയായിരുന്നു. ആ സമയത്ത് പ്രതി പെണ്‍കുട്ടിയോട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി വീടിന് 300 മീറ്റര്‍ അകലെയുള്ള തെങ്ങിന് തോപ്പിലെത്തിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയും തുടര്‍ന്ന് എതിര്‍ത്ത് നിലവിളിച്ച പെണ്‍കുട്ടിയെ സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.
അതേസമയം പെണ്‍കുട്ടിയെ കാണാതായപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരിമാര്‍ ഇടയ്ക്ക് കുട്ടിയെ അവരുടെ നാടായ കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകാറുണ്ടെന്നതിനാല് കുട്ടിയുടെ അമ്മ വ്യാഴാഴ്ച അവിടെയെത്തി അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നു മനസിലാകുകയും പിന്നീട് വെള്ളിയാഴ്ച കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍ക്കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലില്‍ പ്രതി സജിവമായിരുന്നു.