പാകിസ്താനെ സുഹൃത്തായി കാണുന്നത് ഗുരുതരമായ തെറ്റാണെന്ന് അമേരിക്ക. ‘ദി അഫ്ഗാനിസ്താന് പേപ്പേഴ്സ്’ എന്ന പേരില്‍ അമേരിക്കന്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഫ്ഗാനിസ്താന് യുദ്ധവും ഇന്ത്യക്കെതിരായ ആക്രമണവുമാണ് ഉദ്യോഗസ്ഥര്‍ ഇതിന് ഉദാഹരണമായി നല്‍കുന്നത്.
അഫ്ഗാനിസ്താനുമായി 18 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ പാകിസ്ഥാനെ സുഹൃത്തായി പരിഗണിക്കുന്നത് ഗുരുതരമായ പിഴവാണെന്ന് ബുഷ്, ഒബാമ ഭരണകൂടങ്ങളിലെ യുഎസ് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിരുന്നു. അമേരിക്കയുടെ പക്കല്‍ നിന്നും വാങ്ങിയ ആധുനിക യുദ്ധോപകരണങ്ങളും അമ്രാം മിസൈലുകളും ഇന്ത്യക്കെതിരെ ഉപയോഗിച്ച പാകിസ്താന്റെ ഇരട്ടത്താപ്പ് 2002 മുതല്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2002ല്‍ പാക് പ്രധാനമന്ത്രിയായിരുന്ന പര്‍വേസ് മുഷറഫ് പെന്റഗണിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതിന്റെ ഉദ്ദേശ്യം അല്‍ഖ്വായ്ദ നേതാക്കളെ സംരക്ഷിക്കുക എന്നതായിരുന്നു എന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
അമേരിക്കയുമായി ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അതേ പാകിസ്താന് തന്നെയാണ് താലിബാന്, അല്‍ഖ്വായ്ദ പോലെയുള്ള ഭീകര സംഘടനകള്‍ക്ക് സ്വന്തം മണ്ണിലും അഫ്ഗാനിസ്താനിലും സംരക്ഷണം നല്‍കുന്നത്. 18 വര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ 7,75,000 അമേരിക്കന്‍ സൈനികരെയാണ് മേഖലയില്‍ വിന്യസിച്ചിരുന്നത്. 2,300ലധികം സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ 20,589 പേര്‍ക്കാണ് പരിക്കേറ്റത്. നിലവില്‍ 13,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിലുണ്ട്.