കോവിഡ് 19 ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് സച്ചിന് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു പൗരനെന്ന നിലയില്‍ നമുക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയും. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് എല്ലാവര്ക്കും സുരക്ഷിതരായി ഇരിക്കാന്‍ സാധിക്കും’. #IndiaFightsCorona ഹാഷ്ടാഗ് ചേര്‍ത്താണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സേഫ് ഹാന്‍ഡ്സ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് കൈകള്‍ കഴുകുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വൈറസിന്റെ വ്യാപനം തടയാന്‍ ഏറ്റവും ലളിതമായ കാര്യം കൈകള്‍ ശുചിയായി സൂക്ഷിക്കുക എന്നതാണ്. കുറഞ്ഞത് 20 സെക്കന്റുകളെങ്കിലും സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.