കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കാന്‍ സാര്‍ക് രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സ് നടന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതീവ ജാഗ്രതയാണ് ആവശ്യമെന്നും നരേന്ദ്ര മോദി യോഗത്തില്‍ വ്യക്തമാക്കി.
ലോകത്തുടനീളം കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാര്‍ക് രാഷ്ട്രങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ ആശയം അംഗീകരിച്ചു കൊണ്ടാണ് സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്നത്. ഇന്ത്യ, ഭൂട്ടാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും പാകിസ്താന് ആരോഗ്യ സഹമന്ത്രിയും യോഗത്തില്‍ പങ്കെടുത്തു.
സാര്‍ക്ക് മേഖലയില്‍ 150 ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും ഇന്ത്യ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.1400 ആളുകളെ വിദേശത്ത് നിന്ന് തിരിച്ച് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. അതില്‍ അയല്‍ രാജ്യങ്ങളിലെ പൗരന്മാരുമുണ്ട്. ആശങ്കയല്ല, അതീവ ജാഗ്രതയാണ് വേണ്ടതെന്നും കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരസ്പരം സഹായിച്ച് മുന്പോട്ട് പോകാമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തന രീതികള്‍, മരുന്നുകള്‍, കൂട്ടായ പ്രതിരോധ നടപടികള്‍ക്കാവശ്യമായ പണം തുടങ്ങിയവ പരസ്പരം പങ്കുവെച്ച് നിലവിലെ സാഹചര്യം നേരിടാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 10 മില്യണ്‍ യുസ് ഡോളറിന്റെ സഹായം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വൈറസ് പടരുന്നത് തടയാന്‍ സംയുക്ത രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു പ്രോട്ടോക്കോള്‍ രൂപീകരിക്കണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ വ്യക്തമാക്കി.
വുഹാനില്‍ നിന്ന് 23 വിദ്യാര്‍ത്ഥികളെ ബംഗ്ലാദേശില്‍ തിരികെയെത്തിച്ചതിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യക്ക് നന്ദി അറിയിച്ചു. യോഗത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി സാര്‍ക് രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാര്‍ തമ്മില്‍ ആശയ വിനിമയം നടത്തും. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം വീണ്ടും രാഷ്ട്രത്തലവന്മാരുടെ യോഗം ചേരാനും തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ കൂട്ടായ പ്രവര്‍ത്തനം എന്ന ആശയം മുന്പോട്ട് വെക്കുകയും അതിന് മുന്‍കൈ എടുക്കുകയും ചെയ്ത നരേന്ദ്ര മോദിയെ സാര്‍ക്ക് രാഷ്ട്രത്തലവന്മാര് അഭിനന്ദിച്ചു.