കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നവര്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ വീട്ടിലേക്ക് മടങ്ങി. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് ആരേയും അറിയിക്കാതെ വീട്ടിലേക്ക് പോയത്.
വെള്ളിയാഴ്ച്ച രാവിലെയായിരുന്നു നാലംഗ സംഘം ഇന്ദിരാഗാന്ധി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ എത്തിയത്. പരിശോധനയ്ക്കായി രക്ത സമ്പിളുകള്‍ നല്കിയ ശേഷം ഇവരെ ഐസൊലഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. എന്നാല്‍ രാത്രി സമയത്ത് ആശുപത്രി അധികൃതരെ അറിയിക്കാതെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇവര്‍ ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞ വിവരം മനസിലാക്കിയ അധികൃതര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ തിരിച്ചെത്താമെന്ന് ഇവര്‍ പൊലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നാഗ്പൂരില്‍ മൂന്ന് പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.